ഖത്തർബിസിനസ്

പ്രതിസന്ധിയെ മറികടക്കാൻ ഖത്തർ പെട്രോളിയം ജോലിക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

കൊറോണ വൈറസ് പെട്രോളിയം മേഖലയെ വളരെയധികം ബാധിച്ചതു കൊണ്ട് ഖത്തർ പെട്രോളിയം ജോലിക്കാരെ പിരിച്ചു വിടുമെന്ന വാർത്തകൾ ശക്തമാകുന്നു. പ്രമുഖ മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തു വിട്ടത്. ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽ ശർഖ് പത്രവും ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

കൊറോണ വ്യാപനം മൂലം ലോകരാജ്യങ്ങൾ മുഴുവൻ ലോക്ക് ഡൗണിലേക്കു പോയതോടെ പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ഈ പ്രശ്നം മൂലമാണ് തൊഴിലാളികളെ ഒഴിവാക്കാൻ ഖത്തർ പെട്രോളിയം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഖത്തർ പെട്രോളിയത്തിന്റെ ചീഫ് എക്സിക്യൂട്ടീവായ സാദ് ഷെറിദ അൽ കബി കമ്പനിയിലെ തൊഴിലാളികൾക്ക് അയച്ച മെയിലിലാണ് തൊഴിലാളികളെ പിരിച്ചു വിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റോയിട്ടേഴ്സ് പുറത്തു വിട്ടത്. മാർക്കറ്റിലുണ്ടായ ഇടിവു മൂലം ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്തരം നടപടിയുണ്ടാവുകയെന്ന് അൽ കബി തൊഴിലാളികൾക്കയച്ച മെയിലിൽ വ്യക്തമാക്കുന്നു.

തൊഴിലാളികളെ പിരിച്ചു വിടാനുള്ള തീരുമാനം നടപ്പിലാക്കിയാൽ ആറു വർഷത്തിനിടെ മൂന്നാമത്തെ തവണയാവും ഇത്തരമൊരു നടപടി ഖത്തർ പെട്രോളിയം എടുക്കുന്നത്. 2015ലും 2018ലും സമാനമായ തീരുമാനം അവർ കൈക്കൊണ്ടിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker