കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാകുന്നതുവരെ കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം ആളുകളെ ക്വാറന്റീനിൽ നിന്നും ഒഴിവാക്കുന്ന കാലയളവ് മൂന്നു മാസത്തേക്കു മാത്രമാണെന്നതിൽ മാറ്റമുണ്ടാകില്ലെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.
നിലവിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം മൂന്ന് മാസത്തേക്കാണ് ക്വാറൻറീൻ ഇളവ് നൽകുന്നത്. വാക്സിനുകളുടെ ഫലപ്രാപ്തി ആറുമാസം അല്ലെങ്കിൽ ഒരു വർഷം വരെ നീണ്ടുനിൽക്കുമെന്ന വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള കാലാവധി ആറുമാസമോ അതിൽ കൂടുതലോ ആക്കുമെന്ന് ഡോ. അൽ മസ്ലാമണി ഖത്തർ ടിവിയോട് പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ശാസ്ത്രീയ സമിതി ഈ കാര്യങ്ങളും ലോകമെമ്പാടുമുള്ള ആശുപത്രികളുടെ റിപ്പോർട്ടുകളും വിവിധ രാജ്യങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളും അവലോകനം ചെയ്യുന്നുണ്ടെന്നും ഡാറ്റ ലഭ്യമാണെങ്കിൽ ഉചിതമായ തീരുമാനം എടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://t.co/MX2xof78EQ via @Qatar_Tribune
— Qatar Tribune (@Qatar_Tribune) March 9, 2021