ആരോഗ്യംഖത്തർ

ആശുപത്രികളിലെത്തുന്ന പത്തിലൊരു രോഗിക്ക് രക്തം ആവശ്യമാണ്, ഖത്തറിലെ ജനങ്ങളോട് രക്തദാനം ചെയ്യാനാവശ്യപ്പെട്ട് എച്ച്എംസി മേധാവി

എല്ലാ വർഷവും ജൂൺ 14 നു നടക്കുന്ന ലോക രക്തദാതാക്കളുടെ ദിനത്തിനു മുന്നോടിയായി സ്ഥിരമായി രക്തം ദാനം ചെയ്യുന്ന ഖത്തറിലെ ആയിരക്കണക്കിനു വരുന്ന ആളുകൾക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഖത്തർ ബ്ലഡ് സർവീസസ് നന്ദി അറിയിക്കുകയും സമൂഹത്തിലെ കൂടുതൽ പേരോട് രക്തദാതാക്കളാകാൻ ആഹ്വാനം നൽകുകയും ചെയ്തു.

ജീവൻ രക്ഷിക്കുന്നതിലൂടെയും മറ്റുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിലൂടെയും ലോകത്തിന്റെ സ്പന്ദനം നിലനിർത്തുന്നതിനാവശ്യമായ സംഭാവന രക്തദാതാക്കൾ നൽകുന്നുവെന്ന് എച്ച്‌എം‌സിയുടെ ലബോറട്ടറി മെഡിസിൻ, പാത്തോളജി വിഭാഗം ചെയർപേഴ്‌സൺ ഡോ.ഐനാസ് അൽ കുവാരി പറഞ്ഞു.

സുരക്ഷിതമായ രക്തത്തിന്റെയും രക്തവുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും കൈമാറ്റം ആരോഗ്യസംരക്ഷണ സംവിധാനം വഴി നടത്തുന്ന പരിചരണങ്ങളിലെ നിർണായക ഘടകമാണെന്നും അവ ജീവൻ രക്ഷിക്കുകയും നിരവധി രോഗികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഡോ. അൽ കുവാരി പറഞ്ഞു.

ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ 10 രോഗികളിലെയും ഒരാൾക്ക് രക്തത്തിൻറെയോ രക്തവുമായി ബന്ധപ്പെട്ട ഉൽ‌പ്പന്നങ്ങളുടെയോ അടിയന്തിരമായ ആവശ്യം വരാം. രക്തത്തിലെ ഒരു യൂണിറ്റ് പ്രത്യേക രക്ത ഘടകങ്ങളായി ഉപയോഗിച്ചാൽ കുറഞ്ഞത് മൂന്ന് രോഗികൾക്ക് പ്രയോജനം ലഭിക്കും.

കൊവിഡ് മഹാമാരിയിലുടനീളം ഖത്തറിലെ രക്തദാതാക്കൾ നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്കു നന്ദി പറഞ്ഞ ഡോ. ​​അൽ കുവാരി സാധാരണ ജീവിതത്തിലേക്കു മടങ്ങുമ്പോൾ രക്ത വിതരണം കൃത്യമായി നടപ്പിലാകുന്നുണ്ടെന്നു ഉറപ്പു വരുത്തണമെന്നും അതിനു കൂടുതൽ രക്ത ദാതാക്കളുടെ സഹകരണം വേണമെന്നും വ്യക്തമാക്കി.

ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ഭാഗമായി എച്ച്എംസിയും ഖത്തർ ബ്ലഡ് സർവീസസും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഹമദ് ജനറൽ ആശുപത്രിക്ക് അടുത്തുള്ള രക്തദാതാക്കളുടെ കേന്ദ്രം ജൂൺ 13 മുതൽ 16 വരെ എല്ലാ രാത്രിയിലും ചുവന്ന ലൈറ്റുകളിൽ തിളങ്ങും. കൂടാതെ, മൊബൈൽ രക്തദാന യൂണിറ്റ് ജൂൺ 18ന് ഉച്ചകഴിഞ്ഞ് 3 മുതൽ ലുലു അൽ ഖോർ മാളിൽ ഉണ്ടാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker