ഖത്തറിന്റെ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ച ദൃശ്യമാകും
ഖത്തറിന്റെ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചക്ക് അവസരമൊരുങ്ങുന്നു. ഏറ്റവും തിളക്കം കൂടിയ ഗ്രഹമായ വീനസും ഏറ്റവും ചെറിയതും സൂര്യനോട് അടുത്തു കിടക്കുന്നതുമായ മെർക്കുറിയും തമ്മിൽ ഏറ്റവുമടുത്തു വരുന്ന കാഴ്ച ഖത്തർ ഉൾപ്പെടെയുള്ള അറബ് മേഖലയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.
https://t.co/Z18EoF41WS via @Qatar_Tribune
— Qatar Tribune (@Qatar_Tribune) May 22, 2020
ഇന്നു രാത്രി സൂര്യാസ്തമയം മുതൽ പടിഞ്ഞാറൻ ചക്രവാളത്തിനു മുകളിലാണ് ഇതു കാണാൻ കഴിയുക. വൈകിട്ട് 6.16നുള്ള സൂര്യാസ്തമയം മുതൽ 7.44 വരെയാണ് ഇരു ഗ്രഹങ്ങളും ഏറ്റവും അടുത്തു വരികയെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ആസ്ട്രോണമർ ഡോ. ബഷീർ മർസൂഖ് പറഞ്ഞു.
അധികം പ്രകാശമില്ലാത്ത സ്ഥലത്തു നിന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാനാകും. കഴിഞ്ഞ വർഷം ഏപ്രിൽ 17നാണ് ഈ രണ്ടു ഗ്രഹങ്ങളും ഇതിനു മുൻപ് അടുത്തെത്തിയത്. അന്നു നാലു ഡിഗ്രി അടുത്തായിരുന്നെങ്കിൽ ഇന്ന് ഇരു ഗ്രഹങ്ങളും ഒരു ഡിഗ്രി അടുത്തു വരെ എത്തുന്നുണ്ട്.