ഖത്തറിൽ ഇന്ന് പുതിയതായി 643 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12564 ആയി. അതേ സമയം ഇന്ന് 109 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 68 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1243 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2808 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 643 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 2898 പേർക്കു പരിശോധന നടത്തിയപ്പോൾ 677 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 91415 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. 1243 പേർക്ക് രോഗം ഭേദമായപ്പോൾ 11311 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) April 29, 2020
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/HvXvgHkI3z
രോഗബാധിതരുമായുള്ള സമ്പർക്കം മൂലമാണ് ഭൂരിഭാഗം പുതിയ ആളുകൾക്കും വൈറസ് ബാധയേറ്റിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് ഇതിൽ കൂടുതൽ. അതേ സമയം ഇൻഡസ്ട്രിയൽ ഏരിയക്കു പുറത്തുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് ബാധയേറ്റവരെ കണ്ടെത്താനും മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കാനുമുള്ള സംവിധാനം ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രോഗം കണ്ടെത്തിയവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.